Pages

Thursday, January 2, 2014

മഞ്ഞപ്പൂക്കളുടെ ചിരി :)


എന്റെ പൂന്തോട്ടത്തില്‍ എന്നും മഞ്ഞപ്പൂക്കളെ വിടര്‍ന്നിരുന്നുള്ളൂ..
അഥവാ ഞാന്‍ അങ്ങിനെ വരാനേ ഇഷ്ടപ്പെട്ടിരുന്നുള്ളൂ ..
കോളാമ്പിപ്പൂ, കൊങ്കിണിപ്പൂ , കൊന്നപ്പൂ, മന്ദാരം, ജമന്തിപ്പൂ , സൂര്യകാന്തി എന്തിനു മുക്കൂറ്റി വരെ ഞാന്‍  വളര്‍ത്തി!!
റോസാപ്പൂവും ചെത്തിയുടെയും മഞ്ഞ തരം മാത്രം ...
ആ പൂന്തോട്ടം മഞ്ഞച്ചു കാണാന്‍...

മഞ്ഞയും ഇലകളുടെ പച്ചയും .. അത് എത്ര കണ്ടു ആസ്വദിച്ചാലും എനിക്ക് മതി വരില്ലായിരുന്നു 
ഒരു ഹരം ആയിരുന്നു.. ഒരു തരം ഭ്രാന്ത്...
ആ വിളറിയ മഞ്ഞകളിലും ഞാന്‍ സന്തോഷിച്ചിരുന്നു...
മറ്റൊരു നിറങ്ങളും കലര്‍ത്താതെ...

മുല്ലപ്പൂ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെങ്കിലും വെളുത്തവള്‍ എന്നത് കൊണ്ട് മാത്രം അവളെ നിഷ്കരുണം തള്ളിപ്പറഞ്ഞു...
പേടിയായിരുന്നു!! 

നീലച്ച  ആകാശങ്ങളെ  കണ്ടു എന്റെ മഞ്ഞപ്പൂക്കള്‍ മോഹിച്ചാലോ!!
രാത്രിയുടെ കറുപ്പ് അവര്‍ ഇഷ്ടപ്പെട്ടാലോ!!
ചുവന്ന സന്ധ്യകളെ പ്രണയിച്ചാലോ!! 

എങ്ങിനെ എന്നറിയില്ല... എവിടെന്നിന്നില്ലാതെ ഒരു ചുവന്ന പൂവ് അവിടെ വന്നത്...
എന്റെ മുഖം ആ പൂവോളം  ചുവന്നു .. കോപം കൊണ്ട്!!

ഓടിയടുത്തു ആ പൂന്തോട്ടത്തില്‍.. 
മഞ്ഞ പൂമ്പാറ്റകള്‍ക്ക്  മാത്രം പ്രവേശനം ഉള്ള എന്റെ മഞ്ഞപ്പൂങ്കാവനത്തില്‍...
ആ ചെടിയുടെ വേര് തേടി...
മണ്ണ് ആവേശത്തോടെ മാറ്റി.. 
അവന്റെ ചുവന്ന വേരുകള്‍ കണ്ടെത്താന്‍.. 
അവനെ വേരോടെ പിഴുതെറിയാന്‍...

വേരുകള്‍!!! 
ഹാ!! മണ്ണിനടിയില്‍ ആ വേരുകള്‍ ഒട്ടിചെര്‍ന്നിരുന്നു ... കെട്ടിപ്പിടിച്ചു കിടന്നു ... 
തിരിച്ചറിയാന്‍ പറ്റാത്തത്ര ഇഴുകി ... ആഴത്തിൽ... 

തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മഞ്ഞപ്പൂക്കളും...

19 comments:

ഓർമ്മകൾ said...

വേണ്ട ആ വേരുകളെ പിഴുതെറിയരുത്... അവർ ജീവിച്ചോട്ടെ..,

aneesh kaathi said...

പല വര്‍ണ്ണം ഉണ്ടയിക്കൊള്ളട്ടെ മഞ്ഞയും ചുവപ്പും റോസും.....

വീകെ said...

ശിവഗിരിയിൽ ഒരു തീർത്ഥാടനം നടത്താമായിരുന്നു. എങ്കിൽ ആ ഒരു ചോന്നതും കൂടി മഞ്ഞയായേനെ....!
ആ‍ശംസകൾ...

ajith said...

പീതവര്‍ണ്ണം!!

Anu Raj said...

Manasilayi..vellappalliyude alu anu...alle

ഉദയപ്രഭന്‍ said...

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.മനസ്സിനുള്ളില്‍

മഞ്ഞുതുള്ളി said...

:)

ശാലിനി said...

ഈ കഥാ കവിത വളരെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ യാതൊരു താത്പര്യവും ജനിപ്പിക്കാത്ത ഒരുപാടു കഥകൾ ബ്ലോഗുകളിൽ വായിച്ചു മടുത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഈ ബ്ലോഗ്‌ കണ്ടത്. എഴുത്തിനു നല്ല കാമ്പും കഴമ്പും ഉണ്ട്. പറിച്ചെറിയണം ആഗ്രഹിക്കുമ്പോഴും ആത്മാവിന്റെ ആഴങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന പലതിന്റെയും, വേദനിപ്പിച്ചു കൊണ്ട്, സന്തോഷിപ്പിക്കുന്ന പലതിനെയും ഈ കഥ ഓർമിപ്പിച്ചു. ഇനിയും എഴുത്തുക. തുടർന്നും കാണാം.

കൂതറHashimܓ said...

ഇഷ്ടമില്ലായ്മകളാവം നമ്മിൽ മിക്കപ്പോഴും പറിച്ചുമാറ്റാൻ കഴിയാത്ത വിധം വേരോട്ടം നടത്താറു.
പറിച്ചു മാറ്റാൻ ശ്രമിക്കുമ്പളേ അറിയൂ അവ നമ്മിൽ എത്രത്തോളം വേരോടിയിട്ടുണ്ടെന്ന്.

ചെറിയ വായന നന്നായി.

ente lokam said...

നന്നായിരിക്കുന്നു.....

'വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ചു
നാം അകത്തി നട്ട മരങ്ങൾ'..
(എഴുതിയത് ആരെന്നു ഓർമ
കിട്ടുന്നില്ല)

Rajeev Elanthoor said...

ഒന്നും ആര്‍ക്കും സ്വന്തമല്ല !! ശ്യാഠ്യം പിടിചിട്ട് കാര്യമില്ല !
നന്നായിരിക്കുന്നു ഈ ശ്യാഠ്യം

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ഈ വരികളും ജീവിതത്തിന്റെ സത്യം മനോഹരമായി പറഞ്ഞു.

മാനവധ്വനി said...

നന്നായിരിക്കുന്നു

DU said...

a big like..

K@nn(())raan*خلي ولي said...

അതോണ്ടായിരിക്കും ബ്ലോഗിന്‍റെ നിറവും മഞ്ഞയാക്കിയത്!

'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..' എന്ന പാട്ടും പാടിക്കൊണ്ട് ദുബായില്‍ നിന്നും ബ്ലോഗര്‍മാന്‍ 'പീതാ'മ്പരനോടൊപ്പം കണ്ണൂരാന്‍ ഫ്രം കല്ലിവല്ലി!

alphonsa said...

orupadu ishtamaayi, chindhippikkunna ee kavithaye.. beautiful.

ഉണ്ണിയേട്ടന്‍ said...

വര്‍ണ്ണ മനോഹരമായ പൂക്കള്‍ ഇനിയും വിടരട്ടെ ഈ പൂന്തോട്ടത്തില്‍....
ഭാവുകങ്ങള്‍....

Basheer Vellarakad said...

നന്നായിരിക്കുന്നു

Pradhidwani said...

തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മഞ്ഞപ്പൂക്കളും...

ഞാന്‍ വിട്ടില്ല..
മുരളുന്ന എന്‍റെ യന്ത്രക്കൈകളുമായി തിരികെയെത്തി..
ശേഷം ചിന്ത്യം.. ശുഭം.
പിന്നീടൊരിക്കലും ആ ചുവന്നപൂവ് (കള്‍) ചിരിച്ചിട്ടില്ല..

Post a Comment