Pages

Showing posts with label വെറുതെ. Show all posts
Showing posts with label വെറുതെ. Show all posts

Thursday, January 2, 2014

മഞ്ഞപ്പൂക്കളുടെ ചിരി :)


എന്റെ പൂന്തോട്ടത്തില്‍ എന്നും മഞ്ഞപ്പൂക്കളെ വിടര്‍ന്നിരുന്നുള്ളൂ..
അഥവാ ഞാന്‍ അങ്ങിനെ വരാനേ ഇഷ്ടപ്പെട്ടിരുന്നുള്ളൂ ..
കോളാമ്പിപ്പൂ, കൊങ്കിണിപ്പൂ , കൊന്നപ്പൂ, മന്ദാരം, ജമന്തിപ്പൂ , സൂര്യകാന്തി എന്തിനു മുക്കൂറ്റി വരെ ഞാന്‍  വളര്‍ത്തി!!
റോസാപ്പൂവും ചെത്തിയുടെയും മഞ്ഞ തരം മാത്രം ...
ആ പൂന്തോട്ടം മഞ്ഞച്ചു കാണാന്‍...

മഞ്ഞയും ഇലകളുടെ പച്ചയും .. അത് എത്ര കണ്ടു ആസ്വദിച്ചാലും എനിക്ക് മതി വരില്ലായിരുന്നു 
ഒരു ഹരം ആയിരുന്നു.. ഒരു തരം ഭ്രാന്ത്...
ആ വിളറിയ മഞ്ഞകളിലും ഞാന്‍ സന്തോഷിച്ചിരുന്നു...
മറ്റൊരു നിറങ്ങളും കലര്‍ത്താതെ...

മുല്ലപ്പൂ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെങ്കിലും വെളുത്തവള്‍ എന്നത് കൊണ്ട് മാത്രം അവളെ നിഷ്കരുണം തള്ളിപ്പറഞ്ഞു...
പേടിയായിരുന്നു!! 

നീലച്ച  ആകാശങ്ങളെ  കണ്ടു എന്റെ മഞ്ഞപ്പൂക്കള്‍ മോഹിച്ചാലോ!!
രാത്രിയുടെ കറുപ്പ് അവര്‍ ഇഷ്ടപ്പെട്ടാലോ!!
ചുവന്ന സന്ധ്യകളെ പ്രണയിച്ചാലോ!! 

എങ്ങിനെ എന്നറിയില്ല... എവിടെന്നിന്നില്ലാതെ ഒരു ചുവന്ന പൂവ് അവിടെ വന്നത്...
എന്റെ മുഖം ആ പൂവോളം  ചുവന്നു .. കോപം കൊണ്ട്!!

ഓടിയടുത്തു ആ പൂന്തോട്ടത്തില്‍.. 
മഞ്ഞ പൂമ്പാറ്റകള്‍ക്ക്  മാത്രം പ്രവേശനം ഉള്ള എന്റെ മഞ്ഞപ്പൂങ്കാവനത്തില്‍...
ആ ചെടിയുടെ വേര് തേടി...
മണ്ണ് ആവേശത്തോടെ മാറ്റി.. 
അവന്റെ ചുവന്ന വേരുകള്‍ കണ്ടെത്താന്‍.. 
അവനെ വേരോടെ പിഴുതെറിയാന്‍...

വേരുകള്‍!!! 
ഹാ!! മണ്ണിനടിയില്‍ ആ വേരുകള്‍ ഒട്ടിചെര്‍ന്നിരുന്നു ... കെട്ടിപ്പിടിച്ചു കിടന്നു ... 
തിരിച്ചറിയാന്‍ പറ്റാത്തത്ര ഇഴുകി ... ആഴത്തിൽ... 

തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മഞ്ഞപ്പൂക്കളും...





Friday, July 19, 2013

നിന്നെയും കാത്ത്



വേറിട്ടൊരു കാമുകനെ കണ്ടെത്തിഞാന്‍...
അവനെന്നിലെ പ്രണയത്തെ തൊട്ടുണര്‍ത്തി...
എന്നെ സ്വയം തടയുവാനാകാതെ ,
മെല്ലെ ഞാന്‍ അവനിലെക്കടുത്തീടുന്നു ....!

അവന്‍റെ മാറിലെ ചൂടേറ്റു മയങ്ങാന്‍ ,
അവന്‍റെ ചുടുച്ചുംബനമേറ്റു വാങ്ങാന്‍ ,
അവന്‍റെ പെണ്ണായൊപ്പം നടക്കാന്‍ ,
എപ്പോഴുമാശിപ്പൂ എന്‍മാനസം .....!

എന്നെ നീ അരുമയായി ചേര്‍ത്തണക്കുമ്പോള്‍ ,
താമരത്തണ്ടുപോല്‍ ഉലയുന്നു ഞാന്‍ ....!
നിന്നെര്‍ക്കൊരുമാത്ര നോക്കുവാനാകാതെ 
വ്രീളാവിവശയായ് ഉരുകുന്നു ഞാന്‍ ....!

കളങ്കമല്‍പ്പവും തീണ്ടിയിട്ടില്ലാത്ത 
പവിത്രയാണിന്നു ഞാന്‍, നീയറിയൂ ...
പ്രിയനേ ,നിന്നെ വരിക്കുവാനായി ഞാന്‍ 
വരണമാല്യങ്ങള്‍ കോര്‍ത്തിരിപ്പൂ ....!

നിന്‍റെ ചാരത്തേക്കണക്കുക നീ എന്നെ ,
മരണമേ ,നിന്നെ ഞാന്‍ ഏറെ സ്നേഹിപ്പൂ ..!
നിന്‍റെ മനോജ്ഞമാം ഗന്ധമെന്നേ ,
മത്തു പിടിപ്പിക്കുന്നു കൂട്ടുകാരാ ...!

നക്ഷത്ര ലോകത്തിലെത്തുവാനും ,
നക്ഷത്രക്കണ്ണുകള്‍ ചിമ്മുവാനും ,
താരങ്ങളോടോത്ത് കളിക്കുവാനും ,
ഇന്നുമുതല്‍ ഞാന്‍ കൊതിച്ചിടുന്നൂ....!

നീവരും നാളുകളെണ്ണിയെണ്ണി ,
നിന്‍പദനാദം കാതോര്‍ത്തുതന്നെ ,
ഓരോ നിമിഷവും, ഓരോരോ ദിവസവും 
മരണമേ ....നിന്നെ ഞാന്‍ കാത്തിരിപ്പൂ ..