Pages

Monday, December 22, 2014

ഓര്‍മകള്‍.... നീയുണര്‍ത്തിയത്.....

മഴ എനിക്കെന്നും അകമ്പടി സേവിച്ചിരുന്നു.... എന്റെ എല്ലാ...ഒട്ടുമിക്ക മറക്കാനാവാത്ത സന്ദര്‍ഭങ്ങളിലും അവളുണ്ടായിരുന്നു...

എന്റെ ആദ്യ ഓര്‍മ്മ തന്നെ എഴുമറ്റൂര്‍ എന്ന സ്ഥലത്ത് ഒരു കൊച്ചു വാടക വീട്ടില്‍ "തുമ്പീ വാ ......" എന്ന പാട്ട് ഒരു മഴയത് കേള്‍ക്കുന്നതാണ്...
പിന്നീട് , ഞാന്‍ KG യില്‍ പഠിക്കുമ്പോള്‍ അമ്മ, അച്ഛന്‍, ചേച്ചി സ്കൂട്ടറില്‍ പുതിയ മിക്സിയുമായി എന്നെ വിളിക്കാന്‍ സ്കൂളില്‍ വരുന്ന ഓര്‍മയാണ് മഴയെക്കുറിച്ച് എനിക്കുള്ളത് ...
എനിക്കായി അമ്മ വാങ്ങിയ പച്ചകല്ല് വെച്ച ജിമിക്കി അമ്മയും അച്ഛനും വാങ്ങി വന്നത് നല്ല ഒരു പെരുമഴയത്തായിരുന്നു....
അന്ന് ആ കുഞ്ഞു പെട്ടി തുറന്നു അമ്മ എന്നെ നോക്കി ചിരിച്ചപ്പോള്‍ ആ ചിരിക്കു മഴയെക്കാള്‍ ഭംഗിയായിരുന്നു... ആ പച്ചക്കല്ലിനേക്കാള്‍ തിളക്കവും...
(അതവരുടെ ജീവിതത്തിലെ ആദ്യ സ്വര്‍ണ സമ്പാദ്യമായിരുന്നു)

ഓര്‍മകളെ പറ്റി പറയുമ്പോള്‍ മറക്കാനാവതു അച്ഛന്‍ ഞങ്ങളെ വിട്ടുപോയ ആ വൈകുന്നേരം ചിന്നം പിന്നം പെയ്തു കൊണ്ടാണ്...
അന്ന് അമ്മ സ്വബോധമില്ലാതെ "ബാലേട്ടന് ത ണുക്കുന്നുണ്ടാവും എന്ന് പുലമ്പിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ആദ്യമായി നിന്നെ ദേഷ്യത്തോടെ നോക്കി...

അവനെ ആദ്യമായി കണ്ടപ്പോള്‍ മഴ പെയ്തോ എന്നോര്‍മ്മയില്ല... ഒരു പക്ഷെ മഴയെക്കാള്‍ അനുരാഗം അവനോടു തോന്നിയത് കൊണ്ടാവാം മഴയെ നിന്നെയത്രയങ്ങു ശ്രദ്ധിച്ചില്ല...എങ്കിലും ഒരു മഴയത് അവനെന്നെ കുടക്കെഴില്‍ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ അതും നിന്റെ കള്ളത്തരമല്ലേ എന്ന് ഞാന്‍ തെല്ലൊന്നു സംശയിച്ചു പോയി...


പിന്നീടൊരിക്കല്‍ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചപ്പോള്‍ നിന്നെ കണ്ടതേയില്ല... അന്ന് ഞാന്‍ ആശിച്ചു നിന്നില്‍ നനഞ്ഞു നിന്നിരുന്നെങ്കില്‍ എന്റെ കണ്ണുനീര്‍ ആരും കാണുകയില്ലായിരുന്നല്ലോ!!! എങ്കിലും അന്ന് രാത്രി മറ്റാരും കാണാതെ മറ്റാരെയും അറിയിക്കാതെ ആവോളം കരയാന്‍ നീ എനിക്ക് കൂട്ടായി പുറത്തു അതിശക്തമായി പെയ്തു തകര്‍ത്തു... എന്റെ ദുഃഖം നീയും പങ്കിട്ടുവോ?? നന്ദി സഖീ..

എന്റെ നല്ല ഓര്‍മയില്‍ തുള്ളിതുള്ളിയെത്തുന്നത് എന്റെ വിവാഹത്തിനാണ്... ക്ഷണിക്കാന്‍ മറന്ന പരിഭവം അവളില്‍ തെല്ലുമുണ്ടായില്ല...
അന്ന് ചില ബന്ധുക്കള്‍ പറയുകയുണ്ടായി അച്ഛന്റെ ആശീര്‍വാദമാണ് തുള്ളികളായി പതിക്കുന്നതെന്ന്.... ആയിരുന്നോ?? എന്തായാലും ഞാന്‍ അതിനെ അങ്ങിനെയേ കണ്ടിട്ടുള്ളൂ!!!
അവന്റെ വീട്ടിലെത്തും വരെ മഴ ഞങ്ങളെ ശല്യപ്പെടുത്താതെ പിന്തുടര്‍ന്നു...

ഞാന്‍ കുഞ്ഞുണ്ണിയെ പ്രസവിച്ചപ്പോള്‍ നീയുണ്ടായിരുന്നോ?? അറിയില്ല... ആരുമൊട്ടു പറഞ്ഞുകേട്ടതുമില്ല..
എങ്കിലും അവന്‍ വീട്ടില്‍ എത്തിയ ആ വൈകുന്നേരം നീ ഒരു ചാറ്റല്‍ മഴയായി വന്നു .. കുഞ്ഞുണ്ണിയെ കാണാന്‍...
ഉമ്മറപ്പടിയില്‍ മടിയില്‍ അവനെയും വച്ച് ഞാനും വന്നിരുന്നു.. പരസ്പരം പരിചയപ്പെടുത്തി...
തൂവാനം പതിച്ചപ്പോള്‍ അവനും ഇഷ്ടായി എന്ന് തോന്നി.. പല്ലില്ല മോണ കാട്ടി കയ്യുഇം കാലും ഇളക്കി ചിരിച്ചു...

കുഞ്ഞുണ്ണിയുടെ ആദ്യ സ്കൂള്‍ ദിനത്തിലും നീ വന്നു.. അവന്റെ കൈ പിടിച്ചു കൂടെ ചെന്നു... അവനും അതില്പരം സന്തോഷമില്ലയിരുന്നു...
പുതിയ raincoat കൂടി ഇട്ടു ഗമ കൂട്ടാമല്ലോ!!!

ഹ!!! ഇനി എനോക്കെയാണ് നീ കൂട്ട് വരിക പ്രിയ സഖീ.. ഒരിക്കലും മറക്കാത്ത.. പിണങ്ങാത്ത കൂട്ടുകാരീ???

Saturday, November 15, 2014

ചോദ്യോത്തര വേള

നിന്‍റെ മൌനം 
മരണം പോലെ നിശ്ശബ്ദം...
മരണം പോലെ ശീതം...
മരണം പോലെ എന്നെ 
അഗ്നികുണ്ഡത്തിൽ ആഴ്ത്തുന്നല്ലോ...

മിണ്ടാതിരിക്കുമ്പോൾ ഒരു കരച്ചിൽ കേൾക്കുന്നു
മുള ചീന്തും പോലെ!!

സ്നേഹിക്കുന്നവരെ നോവിക്കുമ്പോൾ കരയുന്നതെന്തിന്?
എന്റെ കളിത്തത്ത ചോദിക്കുന്നു

എന്‍റെ നിലാവ്...
എന്‍റെ വെയിൽ
എന്‍റെ നക്ഷത്രങ്ങൾ......
എല്ലാം ഞാൻ നിനക്ക് എന്നേ തന്നു കഴിഞ്ഞു

"അപ്പോൾ പിന്നെ നിനക്കെന്തുണ്ട്.........?"
എന്റെ കളിത്തത്ത ചോദിക്കുന്നു

സ്വപ്നങ്ങൾ...!!
എനിക്ക് അതു മതി
കാരണം അവയിൽ മുഴുവൻ നീ നിറഞ്ഞിരിക്കുന്നു

കൂടില്ലാത്ത കളിത്തത്തയ്ക്ക്
പാൽ പാത്രം നീട്ടുമ്പോൾ 
ഞാൻ അവളെ ചുംബിച്ചു

വിട...
ഉറങ്ങൂ എന്റെ കൂട്ടുകാരീ


Wednesday, August 13, 2014

മധുവിധു

അവൾ പറയുന്നു 
''മഴ  നനയാം, നമുക്ക്..''

അയാൾ നെറ്റി  ചുളിച്ചു 
''പനി പിടിക്കും..''

കുന്നിൻ ചെരിവിലെ പൂക്കൾ നോക്കി അവൾ ചിരിച്ചു
'' നമുക്ക് ഓടിപ്പോയി ആ   പൂക്കൾ ഇറുത്തെടുക്കാം?''

അയാൾ  അവളെ തുറിച്ചു നോക്കി
''ഛെ! എന്താ വിമ്മൂ  ഈ പറയണ്? ഭ്രാന്തുണ്ടോ?''

പ്ലേറ്റിൽ മഞ്ഞക്കണ്ണു  മിഴിച്ചു കിടക്കുന്ന   കോഴിയുടെ ഭ്രൂണത്തെ നോക്കി അവൾ പറഞ്ഞു '

'ഉണ്ട്. അറിയില്ലായിരുന്നോ?''

  പ്ലേറ്റ് എടുത്ത് അയാളുടെ മുഖത്ത് ആ മഞ്ഞക്കരു തേച്ചു പിടിപ്പിച്ചുകൊണ്ട് അവൾ ആര്ത്തു ചിരിച്ചു

താഴവരയിലേക്ക് അവൾ ഓടി. കാറ്റിന്റെ വേഗത്തിൽ  പൂക്കളുടെ ഇടയിലെങ്ങോ അവൾ മറഞ്ഞു

കുറെ കഴിഞ്ഞപ്പോൾ മഴ വീണ്ടും പെയ്തു പൂക്കൾ അവളെ മറവു ചെയ്തു

''ഭ്രാന്തന്നെ..അല്ലണ്ടെന്താ...''അയാൾ പിറുപിറുത്തു

ആകാശത്ത് നിറംമങ്ങിയ ഒരു അമ്പിളിക്കല ഉപേക്ഷിക്കപ്പെട്ടിരുന്നു

Thursday, January 2, 2014

മഞ്ഞപ്പൂക്കളുടെ ചിരി :)


എന്റെ പൂന്തോട്ടത്തില്‍ എന്നും മഞ്ഞപ്പൂക്കളെ വിടര്‍ന്നിരുന്നുള്ളൂ..
അഥവാ ഞാന്‍ അങ്ങിനെ വരാനേ ഇഷ്ടപ്പെട്ടിരുന്നുള്ളൂ ..
കോളാമ്പിപ്പൂ, കൊങ്കിണിപ്പൂ , കൊന്നപ്പൂ, മന്ദാരം, ജമന്തിപ്പൂ , സൂര്യകാന്തി എന്തിനു മുക്കൂറ്റി വരെ ഞാന്‍  വളര്‍ത്തി!!
റോസാപ്പൂവും ചെത്തിയുടെയും മഞ്ഞ തരം മാത്രം ...
ആ പൂന്തോട്ടം മഞ്ഞച്ചു കാണാന്‍...

മഞ്ഞയും ഇലകളുടെ പച്ചയും .. അത് എത്ര കണ്ടു ആസ്വദിച്ചാലും എനിക്ക് മതി വരില്ലായിരുന്നു 
ഒരു ഹരം ആയിരുന്നു.. ഒരു തരം ഭ്രാന്ത്...
ആ വിളറിയ മഞ്ഞകളിലും ഞാന്‍ സന്തോഷിച്ചിരുന്നു...
മറ്റൊരു നിറങ്ങളും കലര്‍ത്താതെ...

മുല്ലപ്പൂ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെങ്കിലും വെളുത്തവള്‍ എന്നത് കൊണ്ട് മാത്രം അവളെ നിഷ്കരുണം തള്ളിപ്പറഞ്ഞു...
പേടിയായിരുന്നു!! 

നീലച്ച  ആകാശങ്ങളെ  കണ്ടു എന്റെ മഞ്ഞപ്പൂക്കള്‍ മോഹിച്ചാലോ!!
രാത്രിയുടെ കറുപ്പ് അവര്‍ ഇഷ്ടപ്പെട്ടാലോ!!
ചുവന്ന സന്ധ്യകളെ പ്രണയിച്ചാലോ!! 

എങ്ങിനെ എന്നറിയില്ല... എവിടെന്നിന്നില്ലാതെ ഒരു ചുവന്ന പൂവ് അവിടെ വന്നത്...
എന്റെ മുഖം ആ പൂവോളം  ചുവന്നു .. കോപം കൊണ്ട്!!

ഓടിയടുത്തു ആ പൂന്തോട്ടത്തില്‍.. 
മഞ്ഞ പൂമ്പാറ്റകള്‍ക്ക്  മാത്രം പ്രവേശനം ഉള്ള എന്റെ മഞ്ഞപ്പൂങ്കാവനത്തില്‍...
ആ ചെടിയുടെ വേര് തേടി...
മണ്ണ് ആവേശത്തോടെ മാറ്റി.. 
അവന്റെ ചുവന്ന വേരുകള്‍ കണ്ടെത്താന്‍.. 
അവനെ വേരോടെ പിഴുതെറിയാന്‍...

വേരുകള്‍!!! 
ഹാ!! മണ്ണിനടിയില്‍ ആ വേരുകള്‍ ഒട്ടിചെര്‍ന്നിരുന്നു ... കെട്ടിപ്പിടിച്ചു കിടന്നു ... 
തിരിച്ചറിയാന്‍ പറ്റാത്തത്ര ഇഴുകി ... ആഴത്തിൽ... 

തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മഞ്ഞപ്പൂക്കളും...