Pages

Thursday, January 2, 2014

മഞ്ഞപ്പൂക്കളുടെ ചിരി :)


എന്റെ പൂന്തോട്ടത്തില്‍ എന്നും മഞ്ഞപ്പൂക്കളെ വിടര്‍ന്നിരുന്നുള്ളൂ..
അഥവാ ഞാന്‍ അങ്ങിനെ വരാനേ ഇഷ്ടപ്പെട്ടിരുന്നുള്ളൂ ..
കോളാമ്പിപ്പൂ, കൊങ്കിണിപ്പൂ , കൊന്നപ്പൂ, മന്ദാരം, ജമന്തിപ്പൂ , സൂര്യകാന്തി എന്തിനു മുക്കൂറ്റി വരെ ഞാന്‍  വളര്‍ത്തി!!
റോസാപ്പൂവും ചെത്തിയുടെയും മഞ്ഞ തരം മാത്രം ...
ആ പൂന്തോട്ടം മഞ്ഞച്ചു കാണാന്‍...

മഞ്ഞയും ഇലകളുടെ പച്ചയും .. അത് എത്ര കണ്ടു ആസ്വദിച്ചാലും എനിക്ക് മതി വരില്ലായിരുന്നു 
ഒരു ഹരം ആയിരുന്നു.. ഒരു തരം ഭ്രാന്ത്...
ആ വിളറിയ മഞ്ഞകളിലും ഞാന്‍ സന്തോഷിച്ചിരുന്നു...
മറ്റൊരു നിറങ്ങളും കലര്‍ത്താതെ...

മുല്ലപ്പൂ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെങ്കിലും വെളുത്തവള്‍ എന്നത് കൊണ്ട് മാത്രം അവളെ നിഷ്കരുണം തള്ളിപ്പറഞ്ഞു...
പേടിയായിരുന്നു!! 

നീലച്ച  ആകാശങ്ങളെ  കണ്ടു എന്റെ മഞ്ഞപ്പൂക്കള്‍ മോഹിച്ചാലോ!!
രാത്രിയുടെ കറുപ്പ് അവര്‍ ഇഷ്ടപ്പെട്ടാലോ!!
ചുവന്ന സന്ധ്യകളെ പ്രണയിച്ചാലോ!! 

എങ്ങിനെ എന്നറിയില്ല... എവിടെന്നിന്നില്ലാതെ ഒരു ചുവന്ന പൂവ് അവിടെ വന്നത്...
എന്റെ മുഖം ആ പൂവോളം  ചുവന്നു .. കോപം കൊണ്ട്!!

ഓടിയടുത്തു ആ പൂന്തോട്ടത്തില്‍.. 
മഞ്ഞ പൂമ്പാറ്റകള്‍ക്ക്  മാത്രം പ്രവേശനം ഉള്ള എന്റെ മഞ്ഞപ്പൂങ്കാവനത്തില്‍...
ആ ചെടിയുടെ വേര് തേടി...
മണ്ണ് ആവേശത്തോടെ മാറ്റി.. 
അവന്റെ ചുവന്ന വേരുകള്‍ കണ്ടെത്താന്‍.. 
അവനെ വേരോടെ പിഴുതെറിയാന്‍...

വേരുകള്‍!!! 
ഹാ!! മണ്ണിനടിയില്‍ ആ വേരുകള്‍ ഒട്ടിചെര്‍ന്നിരുന്നു ... കെട്ടിപ്പിടിച്ചു കിടന്നു ... 
തിരിച്ചറിയാന്‍ പറ്റാത്തത്ര ഇഴുകി ... ആഴത്തിൽ... 

തിരികെ നടക്കുമ്പോള്‍ ആ ചുവന്ന പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മഞ്ഞപ്പൂക്കളും...