Pages

Thursday, August 22, 2013

സ്വത്വംചെത്തി മിനുക്കി
അറ്റം കൂർപ്പിച്ചു
അഴകും നോക്കി
അളവും നോക്കി

തള്ള വിരലിനും ചൂണ്ടു വിരലിനുമിടയിൽ പിടഞ്ഞു
ശോഷിച്ച നേർത്ത പെൻസിൽ..
മുറുക്കെ വരച്ചു ഒരു വര..
കടുപ്പത്തിൽ വരച്ചു മറ്റൊരു വര..
വൃത്തത്തിൽ ഇനിയൊരു വര..
അടിയിൽ രണ്ടു കുത്ത്...
നിന്റെ സ്വത്വം  ഞാൻ പൂർത്തിയാക്കി..
ഒരൊപ്പായി..

പെൻസിലിനു തെളിച്ചം പോരാ..
ഉരയ്ച്ചു മായ്ച്ചു ..
പേനയാണത്രെ അഭികാമ്യം..


Friday, July 19, 2013

നിന്നെയും കാത്ത്വേറിട്ടൊരു കാമുകനെ കണ്ടെത്തിഞാന്‍...
അവനെന്നിലെ പ്രണയത്തെ തൊട്ടുണര്‍ത്തി...
എന്നെ സ്വയം തടയുവാനാകാതെ ,
മെല്ലെ ഞാന്‍ അവനിലെക്കടുത്തീടുന്നു ....!

അവന്‍റെ മാറിലെ ചൂടേറ്റു മയങ്ങാന്‍ ,
അവന്‍റെ ചുടുച്ചുംബനമേറ്റു വാങ്ങാന്‍ ,
അവന്‍റെ പെണ്ണായൊപ്പം നടക്കാന്‍ ,
എപ്പോഴുമാശിപ്പൂ എന്‍മാനസം .....!

എന്നെ നീ അരുമയായി ചേര്‍ത്തണക്കുമ്പോള്‍ ,
താമരത്തണ്ടുപോല്‍ ഉലയുന്നു ഞാന്‍ ....!
നിന്നെര്‍ക്കൊരുമാത്ര നോക്കുവാനാകാതെ 
വ്രീളാവിവശയായ് ഉരുകുന്നു ഞാന്‍ ....!

കളങ്കമല്‍പ്പവും തീണ്ടിയിട്ടില്ലാത്ത 
പവിത്രയാണിന്നു ഞാന്‍, നീയറിയൂ ...
പ്രിയനേ ,നിന്നെ വരിക്കുവാനായി ഞാന്‍ 
വരണമാല്യങ്ങള്‍ കോര്‍ത്തിരിപ്പൂ ....!

നിന്‍റെ ചാരത്തേക്കണക്കുക നീ എന്നെ ,
മരണമേ ,നിന്നെ ഞാന്‍ ഏറെ സ്നേഹിപ്പൂ ..!
നിന്‍റെ മനോജ്ഞമാം ഗന്ധമെന്നേ ,
മത്തു പിടിപ്പിക്കുന്നു കൂട്ടുകാരാ ...!

നക്ഷത്ര ലോകത്തിലെത്തുവാനും ,
നക്ഷത്രക്കണ്ണുകള്‍ ചിമ്മുവാനും ,
താരങ്ങളോടോത്ത് കളിക്കുവാനും ,
ഇന്നുമുതല്‍ ഞാന്‍ കൊതിച്ചിടുന്നൂ....!

നീവരും നാളുകളെണ്ണിയെണ്ണി ,
നിന്‍പദനാദം കാതോര്‍ത്തുതന്നെ ,
ഓരോ നിമിഷവും, ഓരോരോ ദിവസവും 
മരണമേ ....നിന്നെ ഞാന്‍ കാത്തിരിപ്പൂ .. 
Monday, June 3, 2013

തൊട്ടാവാടി
"തൊട്ടാവാടി ചെടിയാണിതിലും ഭേദം.."

ഇത് ഞാന്‍ ആദ്യമായി കേട്ടത് ബിന്ദു മിസ്സ്‌ ഒരിക്കല്‍ എന്നോട് പറഞ്ഞപ്പോള്‍ ആയിരുന്നു..

അന്ന് വൈകീട്ട് തന്നെ തൊട്ടാവാടിയുടെ അടുക്കല്‍ പോയിരുന്നു നോക്കി..
അതിന്റെ ഓരോ ഭാവവും..ഓരോ ചലനവും..
ഒരു കാറ്റിന്‍ സ്പര്‍ശം ഏറ്റാല്‍ പോലും വാടുന്ന ആ ചെടിയോടു എനിക്ക് സ്നേഹം തോന്നി..
എന്നോട് തന്നെ എനിക്ക് വെറുപ്പും..

അന്ന് രാത്രി കുറെയേറെ നേരം ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു, ഇനി ഞാന്‍ വാടില്ല, തളരില്ല ...
കുറെയേറെ പാലിച്ചു... ഇന്നലെ വരെ..

ഇന്നലെ അവന്‍ അത് എന്നോട് പറഞ്ഞപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി...
അതെ വാക്കുകള്‍...
പിന്നെ ഒരു സംശയം.. ഛെ!! ഞാന്‍ പിന്നെയും അങ്ങിനെ തന്നെ...??!!
ഹോ വയ്യ!! എന്നാല്‍ പിന്നെ അങ്ങിനെ തന്നെ..!! അല്ല പിന്നെ...
നിന്റെ മുന്നില്‍ ഞാന്‍ ഒന്ന് ചെറുതായാല്‍ പോലും അതിലൂടെ നീ വളരില്ലേ...

എങ്കിലും എന്റെ തൊട്ടാവാടീ.. നീ കാരണം.... ;(

Monday, February 25, 2013

മെഴുകുതിരി

അമ്മയുടെ ഗര്‍ഭപാത്രത്തില്‍
ഉരുകിയൊലിച്ചു ഉരുക്കിയൊഴിച്ചു
ജീവന്റെ തിളയ്ക്കുന്ന, തുടിക്കുന്ന മെഴുകു

നിറങ്ങള്‍ പൊതിഞ്ഞു നിര്‍ത്തിയ ജീവിതം...
നിറങ്ങള്‍ പുളച്ചു നിന്ന ജന്മസൌഭാഗ്യം
ആരോ വിലയ് ക്ക് വാങ്ങും വരെ..

ഇരുളകറ്റാന്‍ തെളിഞ്ഞ നാളമായി
വീടിനകം നിറയെ ഈ വെളിച്ചം പൂത്തുലഞ്ഞു
പ്രകാശം പരത്തുവാന്‍
ഈ വെളിച്ചത്തുണ്ട് സ്വയം ഉരുകി

ഒടുവില്‍ ശരീരത്തിന്റെ
അവസാന തന്മാത്രയും ഉരുകും വരെ
വെളിച്ചത്തിന്റെ ലഹരിയില്‍
ഞാന്‍ കത്തി ജ്വലിച്ചുകൊണ്ടേയിരിക്കുന്നു 

എന്റെ നെറുകയിലെ നാളം
അശ്വത്ഥാമാവിന്റെ ചൂഡാരത്നം പോലെ
ഇരുട്ട് ചൂഴ്ന്നെടുക്കുമ്പോള്‍
പൊള്ളുന്ന ഒരു വ്രണം മാത്രം ശേഷിക്കുമ്പോള്‍
ഉരുകിയൊലിച്ചൊരെന്‍ ദേഹം
തണുത്തുറഞ്ഞു അമൂര്‍ത്ത രൂപങ്ങളാവുന്നു
നിഷ്കരുണം ചുരണ്ടിയെടുത്ത്
നിങ്ങള്‌ വലിച്ചെറിയുന്നൂ ഒരുതരി ശേഷിപ്പുമില്ലാതെ...

അണഞ്ഞ നാളത്തിന്റെ പേരില്‍
ഞാന്‍ ഒരു ഓര്‍മ്മ പോലും അല്ലാതാവുന്നു
ഞാന്‍ നീട്ടിയ പ്രകാശം ഇരുട്ടില്‍ മുങ്ങി മരിച്ചു
നിമിഷങ്ങള്‌, ദിവസങ്ങള്‌ എന്നെ മറക്കുന്നു ..

വെന്തു തീര്‍ന്നതാര്‍ക്കോ വേണ്ടി...
ഉരുകിയൊലിച്ചതാര്‌ക്കോ വേണ്ടി

നിഴലിനെ പേടിച്ചവര്‌ ആരും
ഉത്തരം പറയാനില്ല

കാരണം ഞാന്‍ അവശേഷിപ്പിച്ചത്
ഇരുട്ടു മാത്രമാണ് അല്ലേ