വേറിട്ടൊരു കാമുകനെ കണ്ടെത്തിഞാന്‍...
അവനെന്നിലെ പ്രണയത്തെ തൊട്ടുണര്‍ത്തി...
എന്നെ സ്വയം തടയുവാനാകാതെ ,
മെല്ലെ ഞാന്‍ അവനിലെക്കടുത്തീടുന്നു ....!
അവന്റെ മാറിലെ ചൂടേറ്റു മയങ്ങാന്‍ ,
അവന്റെ ചുടുച്ചുംബനമേറ്റു വാങ്ങാന്‍ ,
അവന്റെ പെണ്ണായൊപ്പം നടക്കാന്‍ ,
എപ്പോഴുമാശിപ്പൂ എന്മാനസം .....!
എന്നെ നീ അരുമയായി ചേര്‍ത്തണക്കുമ്പോള്‍ ,
താമരത്തണ്ടുപോല്‍ ഉലയുന്നു ഞാന്‍ ....!
നിന്നെര്ക്കൊരുമാത്ര നോക്കുവാനാകാതെ
വ്രീളാവിവശയായ് ഉരുകുന്നു ഞാന്‍ ....!
കളങ്കമല്പ്പവും തീണ്ടിയിട്ടില്ലാത്ത
പവിത്രയാണിന്നു ഞാന്‍, നീയറിയൂ ...
പ്രിയനേ ,നിന്നെ വരിക്കുവാനായി ഞാന്‍
വരണമാല്യങ്ങള്‍ കോര്‍ത്തിരിപ്പൂ ....!
നിന്റെ ചാരത്തേക്കണക്കുക നീ എന്നെ ,
മരണമേ ,നിന്നെ ഞാന്‍ ഏറെ സ്നേഹിപ്പൂ ..!
നിന്റെ മനോജ്ഞമാം ഗന്ധമെന്നേ ,
മത്തു പിടിപ്പിക്കുന്നു കൂട്ടുകാരാ ...!
നക്ഷത്ര ലോകത്തിലെത്തുവാനും ,
നക്ഷത്രക്കണ്ണുകള്‍ ചിമ്മുവാനും ,
താരങ്ങളോടോത്ത് കളിക്കുവാനും ,
ഇന്നുമുതല്‍ ഞാന്‍ കൊതിച്ചിടുന്നൂ....!
നീവരും നാളുകളെണ്ണിയെണ്ണി ,
നിന്പദനാദം കാതോര്ത്തുതന്നെ ,
ഓരോ നിമിഷവും, ഓരോരോ ദിവസവും
മരണമേ ....നിന്നെ ഞാന്‍ കാത്തിരിപ്പൂ ..
